പട്ടിക്കാട്. ദേശീയപാതയോരത്ത് സർവീസ് റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്കിംഗ് നടത്തുന്നത് യാത്രക്കാർക്ക് അപകട ഭീഷണിയായി മാറുകയാണ്. തൃശൂർ ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കും ഉള്ള പ്രധാന പാതയിൽ നിന്നും സർവീസ് റോഡിലേക്ക് വാഹനങ്ങൾ ഇറങ്ങുകയും കയറുകയും ചെയ്യുന്ന ഭാഗത്താണ് ചരക്ക് ലോറികൾ പാർക്കിംഗ് നടത്തുന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത്. ചെമ്പൂത്ര ഭാഗത്തേക്കുള്ള യാത്രക്കാർ എതിർ ദിശയിൽ കടന്നു വരികയും ചെയ്യുന്നതോടെ വലിയ അപകട ഭീഷണിയാണ് പ്രദേശത്തുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിനോട് ചേർന്ന് ചരക്ക് വാഹനങ്ങൾ നിർത്തിയിടുന്നത് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായും പരാതികൾ ഉണ്ട്. ദേശീയപാതയിലും സർവീസ് റോഡിലും നടത്തുന്ന അനധികൃത പാർക്കിംഗ് നിരവധി അപകടങ്ങൾക്ക് വഴി ഒരുക്കുകയും യാത്രക്കാർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണം.


0 Comments