ജാർഖണ്ഡിൽ നിന്നുള്ള ജനപ്രതിനിധി സംഘം പാണഞ്ചേരി പഞ്ചായത്തിൽ സന്ദർശനം നടത്തി


പട്ടിക്കാട്. ഉത്തരേന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിൽ നിന്നും എത്തിയ ജനപ്രതിനിധികളുടെ സംഘം പാണഞ്ചേരി പഞ്ചായത്തിൽ സന്ദർശനം നടത്തി. പഞ്ചായത്ത് രാജിനെക്കുറിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും പഠിക്കാൻ തൃശ്ശൂർ കിലയിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇവർ പാണഞ്ചേരിയിൽ എത്തിയത്. ജാർഖണ്ഡിലെ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ജില്ല പ്രോഗ്രാം ഓഫീസർ അഭിഷേക് കുമാറിന്റെ നേതൃത്വത്തിൽ 4 പഞ്ചായത്ത് പ്രസിഡന്റുമാരും 8 പഞ്ചായത്ത് അംഗങ്ങളും മൂന്ന് പ്രോഗ്രാം ഓഫീസർമാരും അടങ്ങുന്ന സംഘമാണ് ഇവിടെ വന്നത്. ഇതിൽ എട്ടുപേർ വനിതകളാണ്. 


പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു. വിവിധ ഫണ്ടുകളുടെ വിനിയോഗം, തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ചോദിച്ചറിഞ്ഞ സംഘം അങ്കണവാടികളും സന്ദർശിച്ചു. കേരളത്തിന്റെ ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ചും പഞ്ചായത്ത്‌രാജ് പ്രവർത്തനങ്ങളെ കുറിച്ചുമുള്ള അറിവ് അവർക്ക് പുതുമയായിരുന്നു. പഞ്ചായത്തുകളുടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന ജാർഖണ്ഡിൽ നിന്നും എത്തിയവർക്ക് കേരളത്തിലെ പഞ്ചായത്ത് ഓഫീസുകൾ അത്ഭുതമുളവാക്കുന്നതായിരുന്നു.




Post a Comment

0 Comments