പട്ടിക്കാട്. കുതിരാൻ തുരങ്കത്തിനുള്ളിലെ എൽഇഡി ലൈറ്റുകൾ അപ്രതീക്ഷിതമായി അണഞ്ഞതോടെ തുരങ്കം ഇരുട്ടിലായി. ഇന്ന് രാവിലെയാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്കുള്ള പാതയിലെ മുഴുവൻ എൽഇഡി ലൈറ്റുകളും ഒരുമിച്ച് അണയുകയായിരുന്നു. മാത്രമല്ല അതിഗുരുതരമായ അപകടസാഹചര്യം ഉണ്ടായിട്ടും വിഷയം പെട്ടെന്ന് പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞുമില്ല. 500ൽ അധികം പാനലുകളിലായി നിരവധി ബൾബുകൾ ആണ് കുതിരാനിൽ ഒരു തുരങ്കത്തിൽ മാത്രം സജ്ജമാക്കിയിട്ടുള്ളത്. വൈദ്യുതി നിലച്ചാൽ ഓട്ടോമാറ്റിക്കായി ജനറേറ്റർ പ്രവർത്തിക്കുന്ന സംവിധാനവുമുണ്ട്. എന്നാൽ ഇവ പ്രവർത്തിക്കാതിരുന്നതാണ് അപകടകരമായ സാഹചര്യം ഉണ്ടാക്കിയത്. ആറുവരി പാതയിലൂടെ വേഗതയിൽ തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പെട്ടെന്ന് ഇരുട്ടിൽ പെട്ടുപോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാനും അപകടങ്ങൾക്കും സാധ്യത ഏറെയാണ്. അപകടസാധ്യത മുന്നിൽക്കണ്ട് തുരങ്കമുഖത്ത് സുരക്ഷാ ജീവനക്കാരെ നിർത്തി വാഹനങ്ങളെ വേഗതകുറിച്ച് കടത്തിവിടാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർക്ക് കഴിഞ്ഞുമില്ല.


0 Comments