ജൽജീവൻ മിഷൻ: പാലക്കുന്നിൽ കോണ്ടൂർ സർവ്വേ നടത്തി


പട്ടിക്കാട്. സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷനു വേണ്ടി താമരവെള്ളച്ചാൽ വാർഡിലെ പാലക്കുന്നിൽ നിർമ്മിക്കുന്ന ടാങ്കിന്റെ പണികൾക്ക് മുന്നോടിയായി പ്രദേശത്ത് കോണ്ടൂർ സർവ്വേ നടത്തി. പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന 2 പ്രധാന ടാങ്കുകളിൽ ഒന്നാണ് പാലക്കുന്നിൽ നിർമ്മിക്കുന്നത്. മറ്റൊന്ന് അടുക്കളപ്പാറയിലാണ് നിർമ്മിക്കുക. പ്രദേശത്തെ പാറ പൊട്ടിച്ചു നീക്കുന്ന പണികൾ നേരത്തെ നടത്തിയിരുന്നു. വാട്ടർ അതോറിറ്റി അസി. എൻജിനീയർ അനൂപിന്റെ നേതൃത്വത്തിലാണ് സർവ്വേ നടത്തിയത്. വാർഡ് മെമ്പർ അജിത മോഹൻദാസ്, കരാറുകാരൻ റഷീദ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

കേന്ദ്രസർക്കാരിന്റെ 45 ശതമാനവും സംസ്ഥാന സർക്കാരിന്റെ 30 ശതമാനവും ഗ്രാമപഞ്ചായത്തും ഗുണഭോക്താക്കളും 25 ശതമാനവും വകയിരുത്തി 103.58 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 2 ടാങ്കുകളും പുത്തൂർ ഗ്രാമപഞ്ചായത്തിൽ 1 ടാങ്കും സ്ഥാപിച്ച് 10000 ൽ അധികം കുടുംബങ്ങൾക്ക് പൈപ്പ് മാർഗം കുടിവെള്ളം നൽകുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ 64 കോടി രൂപ ചിലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2024 മാർച്ചിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റി ആണ് നോഡൽ ഏജൻസി.




Post a Comment

0 Comments