പട്ടിക്കാട്. അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിവിധ യൂണിറ്റുകൾ സംയുക്തമായി പ്രതിഷേധ സമരം നടത്തി. ഇന്ന് (ബുധനാഴ്ച) രാവിലെ പട്ടിക്കാട് യൂണിറ്റ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമരം പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളേക്കാൾ വഴിയോര കച്ചവടക്കാർക്ക് മുൻതൂക്കം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിൽപ്പന നടത്തുന്ന ഇത്തരം കച്ചവടങ്ങൾക്കെതിരെ അധികൃതർ കർശന നടപടികൾ പാലിക്കണമെന്നും ജോബി പറപ്പുള്ളി ആവശ്യപ്പെട്ടു.
തുടർന്ന് പട്ടിക്കാട്, വിലങ്ങന്നൂർ, കണ്ണാറ, മുടിക്കോട്, ചുവന്നമണ്ണ്, വാണിയംപാറ, ചേരുംകുഴി യൂണിറ്റുകളുടെ നേതൃത്വത്തിൽ സംയുക്തമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മക വഴിയോര കച്ചവടം നടത്തി.
വിലങ്ങന്നൂർ യൂണിറ്റ് പ്രസിഡന്റ് സജി താന്നിക്കൽ അധ്യത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എം.കെ അബി, ചുവന്നമണ്ണ് യൂണിറ്റ് പ്രസിഡന്റ് ജോസ് വല്ലൂരാൻ, കണ്ണാറ യൂണിറ്റ് പ്രസിഡന്റ് ലിജോ, ചേരുംകുഴി യൂണിറ്റ് പ്രസിഡന്റ് ജോയ്, മുടിക്കോട് യൂണിറ്റ് പ്രസിഡന്റ് പ്രകാശൻ, വാണിയംപാറ യൂണിറ്റ് പ്രസിഡന്റ് ജെയ്‌സൺ, വനിത വിംഗ് പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് രാഗിണി തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments