വിലങ്ങന്നൂർ. മലയോര ഹൈവേ വികസനത്തിനായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സ്ഥലം വിട്ടുനൽകുന്ന നാട്ടുകാർ. ഇക്കാര്യം ആവശ്യപ്പെട്ട് പാണഞ്ചേരി പഞ്ചായത്തിലെ താമര വെള്ളച്ചാൽ, വിലങ്ങന്നൂർ വാർഡുകളിലെ നാട്ടുകാർ യോഗം ചേർന്നു. നഷ്ടപ്പെടുന്ന ഭൂമിക്കും സ്വത്തിനും നഷ്ടപരിഹാരം ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ദേശീയപാതയ്ക്കും തീരദേശ ഹൈവേക്കും, കെ റെയിലിനും ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്നതുപോലെ തങ്ങൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചു. മലയോര ഹൈവേ വികസനത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ അർഹമായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വ്യക്തത വരുന്നത് വരെ മലയോര ഹൈവേ നിർമ്മാണവുമായി സഹകരിക്കേണ്ടതില്ലെന്നുമാണ് നാട്ടുകാരുടെ തീരുമാനം. മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ഷാജി കോടങ്കണ്ടത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ വിശദീകരിച്ചു. തുടർപ്രവർത്തനങ്ങൾക്കായി വാർഡ് മെമ്പർ ഷൈജു കുരിയൻ കൺവീനറായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
1 Comments
ജനവികാരത്തിനൊപ്പം നിൽക്കുന്ന നിഷ്കകളങ്കനായ .. പൊതു പ്രവർത്തകന് അഭിനന്ദനങ്ങൾ
ReplyDelete